ഇലയില്ലാ മരത്തില്‍ നിന്ന് പൂക്കള്‍ കൊഴിയുക-നാളികേരം ചിരകുക.

ഇങ്ങേല വട്ട ചെമ്പ് അങ്ങേലയ്ക്കും, അങ്ങേലെ വട്ട ചെമ്പ് ഇങ്ങേലേയ്ക്കും കൊണ്ടുപോകാന്‍ സാധിക്കില്ല-കിണര്‍.

ഇടത്തൊട്ടില്‍ കരിമീന്‍-കണ്ണിലെ കൃഷ്ണമണി.

ഇടവഴിയിലൂടെ കരിവടിയോടി-  പാമ്പ്.

ഇടയ്ക്കിടയ്ക്ക് കെട്ടു കെട്ടി, മാനത്തേയ്ക്ക് വാലു നീട്ടി-   മുള.

ഇട്ടാല്‍ പൊട്ടാത്ത ഇംഗ്ലീഷ് മുട്ട-  കടുകുമണി.

ഇട്ട പായ് മടക്കില്ല, ചെറു പോത്തിനെ പൂട്ടില്ല, ചെറു കുളം വറ്റില്ല-   റോഡ്,ആന,കടല്‍.

ഇട്ടാലെടുക്കില്ല, ഈഴവപ്പെരും താലി-മാവുകൊണ്ട് അണിയല്‍.

ഇട്ടിലിടുക്കിലിളുക്കാശി തെങ്ങിന്മേല്‍ പത്തു നൂറു കൊട്ടത്തേങ്ങ– ഈന്തപ്പന.

ഇട്ടു മൂടാന്‍ തുണിയുണ്ട്. കൈ വശം കെട്ടാന്‍ തുണിയില്ല-     കോഴിത്തൂവല്‍.

ഇത്തിരിക്കുഞ്ഞന്‍ കുട്ട്യേ കരയിച്ചു-   കുരുമുളക്.

ഇത്തിരി കുഞ്ഞന്റെ വാലിന്മേലെല്ല്-   വറ്റല്‍മുളക്.

ഇത്തിരിക്കുഞ്ഞനൊരൊറ്റക്കണ്ണന്‍-    കുന്നിക്കുരു.

ഇത്തിരി മുറ്റത്തഞ്ചു കാവല്‍ക്കാരന്‍-   കൈവിരല്‍.

ഇത്തിരി മുറ്റത്തഞ്ചു മുരിക്ക്, അഞ്ചു മുരിക്കിന്മേല്‍ കൊച്ചുമുരിക്ക്, കൊച്ചു മുരിക്കിന്മേല്‍ ചാന്തു കുടുക്ക    -കൈപ്പത്തി.

ഇത്തിരിയോളംപ്പോന്ന സഞ്ചിയിലായിരം അരിമണി-   ആമ്പല്‍ അരി.

ഇത്തിരിക്കുന്നന്‍ നെല്ലിനു പോയി-   പണം.

ഇലയില്ലാ, കൊമ്പില്ലാ, മരത്തിന്റെ ചുവട്ടില്‍ നിന്നാല്‍ ചിലപ്പം പെറുക്കിത്തിന്നാം-   ഉരല്‍.

ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍ കഞ്ഞിക്കിണ്ണം തുള്ളിതുള്ളി-  അരി തിളയ്ക്കുക.

ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍ പത്തായിരം പാമ്പുകള്‍ പിന്നാലെ-    തലമുടി.

ഇല്ലി കരകര, ഇല്ലി കരകര, മേലായിരം രസക്കുടുക്ക-    നെല്ലിക്ക.

ഇല്ലിക്കൊമ്പത്തില്ലിക്കൊമ്പത്തീശാന്‍ മാപ്പിള തീ കായുന്നു-    മിന്നാമിനുങ്ങ്.

ഇവിടെ ഞെക്കിയാല്‍ അവിടെ കത്തും     -ഇലക്ട്രിക് ബള്‍ബ്.

ഇവിടെ ഞെക്കിയാല്‍ അവിടെ തിരിയും-    ഇലക്ട്രിക് ഫാന്‍.

ഇത്തിരിയുള്ളൊരു കിച്ചാണ്ടി, വയറു പിളര്‍ന്നു കിടപ്പാണ്ടി-  പുഴുങ്ങിയ നെല്ല്.

ഇരുതല വീര്‍ത്തും നടു നേര്‍ത്തും ബള്ളം ബളബള്ളം-  തിമില.