കടംകഥകള്
അടിക്കുല പൂക്കുമ്പം പന്തീരായിരം- നക്ഷത്രങ്ങള്‍.
അടിയില്ലാത്ത ഭരണി- കിണര്‍.
അഞ്ചുനായരും കുഞ്ചുനായരും കൂടി ഗുഹ കാണാന്‍ പോയി അഞ്ചു നായര്‍ ഇങ്ങോട്ടും പോന്നു, കുഞ്ചുനായര്‍ അങ്ങോട്ടും പോയി- ഊണ് കഴിക്കല്‍.
അടി മുള്ള്, നടുന്ന കാട്, തല പൂവ്- പൂവന്‍ക്കോഴി.
അതെടുത്തതിലേക്കിട്ടു, ഇതെടുത്തിതിലേക്കിട്ടു- പായനെയ്യുക.
അനേകം വേലി കെട്ടി, അതിനകത്തൊരു വെള്ളിക്കോല്-ഉണ്ണിപ്പിണ്ടി.
അനിയത്തി ചോന്നിട്ട്, ഏട്ടത്തി പച്ചച്ച്, അമ്മച്ചി മഞ്ഞച്ച്- തളിരില, പച്ചില, പഴുത്ത ഇല.
അന്തണന് വെന്തു, പൂണൂല് കരിഞ്ഞില്ല-കാട്ടിലെ നടപ്പാത.
അന്തിയാവോളം അകത്തോ പുറത്തോ, അന്തിയായാല്‍ പുറത്തു തന്നെ -വാതില്‍പ്പടി.
അങ്ങുചെന്നു കിരുകിരുക്കും, ഇങ്ങുചെന്നു കിരുകിരുക്കും, പിന്നെ മിണ്ടാതെ മുക്കിലിരിക്കും-ചൂല്.
അങ്ങേതിലെ ചങ്ങാതിക്ക് ഊണുകഴിഞ്ഞാല്‍ പിന്നെ കായ്ക്കാത്ത, പൂക്കാത്ത,ചെടിയുടെ ഇല വേണം- വെറ്റില.
അപ്പംപോലെ തടിയുണ്ട്, അല്പം മാത്രം തലയുണ്ട്- ആമ.
അപ്പാട്ടെ പട്ടിക്ക് നാക്കില്‍ പല്ല്- ചിരവ.
അപ്പാട്ടുണ്ടൊരു കൊട്ടത്തേങ്ങ, തൂക്കിപ്പിടിക്കാന്‍ ഞെട്ടില്ല-മുട്ട.
അടയ്ക്കും തുറക്കും മണിമുത്തില്‍ പത്തായം- കണ്ണ്.
അടി മദ്ദളം, ഇല ചുക്കിരി, കായ കൊക്കിരി- പുളിമരം.
അടിക്കു കൊടുത്താല്‍ മുടിക്കു കാണാം -തെങ്ങ്.
അടിക്ക്വെട്ട്, നടുക്ക് കെട്ട് തലയ്ക്ക് ചവിട്ട്- നെല്ല്.
അടയുടെയുളളിലൊരു പെരുമ്പട -തേനീച്ചക്കൂട്.
അടുക്കള കോവിലില്‍ മൂന്ന് ദൈവങ്ങള്‍- അടുപ്പ്.
അടിയില്‍ കിണ്ണം, നടുവില്‍ വടി, മേലെ കുട- ചേന.
അടി പാറ,നടു വടി,തല കാട്- ചേന.
അടി ചെടി, നടു മദ്ദളം, തല നെല്‍ച്ചെടി- കൈതച്ചക്ക.
അടിയിലും മുകളിലും തട്ടിട്ടിരിക്കുന്ന പെരുന്തച്ചന്- ആമ.
അടിക്കാത്ത മുറ്റത്തിന് പേരു ചൊല്ലാമോ -ആകാശം.
അടുക്കളയിലെ അമ്മായിഅമ്മ- പൂച്ച.
അട്ടത്തൊരു കുട്ടിച്ചാത്തന് അങ്ങോട്ടിങ്ങോട്ടോടുന്നു- എലി.